Friday, December 17, 2010

പൂരാടം തിരുനാള്‍ കുട്ടപ്പ തിരുവടികള്‍


അടുത്തുള്ള ക്ഷേത്രത്തില്‍ പൂരാട മഹോത്സവത്തിന്  തുടക്കം കുറിച്ചപ്പോഴാണ് കുട്ടപ്പന്‍ ചേട്ടന് ഇത് തന്റെ ജന്മദിനമാണല്ലോ എന്ന ചിന്ത ഉദിച്ചത്. കാര്യമൊക്കെ എന്ത് പറഞ്ഞാലും ഈ പിറന്നാള്‍ എന്ന് പറയുന്ന സംഭവം കൊള്ളാം. തന്റെ മാത്രം ദിനം .!!! ഏതു ഡോബര്‍മാനും, ചാവാലിക്കും അപ്നാ ദിന്‍.!!!  ശരി, ഇന്നത്തെ ദിനം ഒന്നാഘോഷിച്ചു കളയാം... കുട്ടപ്പന്‍ ചേട്ടന്‍ ഗ്യാസ് മുട്ടായി തിന്ന പെരുച്ചാഴിയെ പോലെ ഏമ്പക്കം വിട്ടു.

നേരെ തന്റെ കുടുംബം എന്ന് സ്വയം വിശേഷിപ്പിക്കുന്ന കള്ള് ഷാപ്പിലേക്ക് വിട്ടു. വഴിയരുകില്‍ കണ്ട എല്ലാവരോടും കുശലം പറയാനും മറന്നില്ല. ഇന്ന് തന്റെ ദിവസമല്ലേ. മോശമാക്കണ്ട... വെളുത്ത നിറത്തിലുള്ള പലക സാമ്രാജ്യത്തിലേക്ക്  വലതു കാല്‍ വെച്ച് കുട്ടപ്പന്‍സ് കയറി. റെഗുലര്‍ കസ്റ്റമര്‍ ആയതിനാല്‍ ഓര്‍ഡര്‍ ചെയ്യണ്ട കാര്യം ഉണ്ടായിരുന്നില്ല. രണ്ടു ഉശിരന്‍ കുപ്പികള്‍ മുമ്പിലെത്തി.   മീന്‍ കറിയില്‍ നീരാടിക്കയറിയ കപ്പ സുന്ദരിമാരെയും ലോകത്തുള്ള സകല വിഷവും നിര്‍ദിഷ്ട അളവില്‍  പരീക്ഷിക്കപ്പെട്ട കള്ളും ആസ്വദിച്ചിട്ടും കുട്ടോള്‍ കുട്ടപ്പന്‍ നനഞ്ഞ പടക്കം മാതിരിയിരുന്നു. എന്തോ ഒരു ഇത്. അങ്ങോട്ട്‌ ശരിയാവുന്നില്ല." എടാ പീറെ....... കുട്ടപ്പന്‍സ് മുരണ്ടു. "പീറ"
 എന്നത് തന്റെ അനൌദ്യോകിക നാമമാണെന്ന് നന്നായി അറിയാവുന്ന പീറ്റര്‍ കടന്നു വന്നു. പീറ്റര്‍ ആ കള്ളുഷാപ്പിന്റെ മാനേജര്‍ കും സപ്ലയര്‍ ആകുന്നു.
" എന്താ കുട്ടപ്പന്‍ ചേട്ടാ?.. ഇന്ന് ഫോമിലല്ലല്ലോ? " മമ്മുക്കൊയക്ക്‌ ഇരട്ടയായി ജനിച്ച മുഖമുള്ള പീറ്റര്‍ ചോദിച്ചു. " നീയെന്താടെ, കാശുവാങ്ങിയിട്ടു മനുഷ്യേനെ പറ്റിക്കുന്നോ? , ഇത് കള്ളോ അതോ കഞ്ഞിവെള്ളമോ? ത്ഫൂ...എന്റെ പട്ടിക്കു വേണം ഇത്.
ഇത് കേള്‍ക്കാന്‍ കാത്തു നിന്നപോലെ വാതിലില്‍ ചുരുണ്ട് കൂടി കിടന്ന പട്ടി അഥവാ ശുനകന്‍സ് പതിയെ രംഗപ്രവേശം ചെയ്തു. ഒരു നിമിഷം കുട്ടപ്പന്‍സ്  മരഡോനയായി, സിനദിന്‍ സിദാനായി... ഒന്നാന്തരം ഒരു ഫ്രീകിക്ക്.  ചെമ്പൈ ഭാഗവതരെ തോല്‍പ്പിക്കുന്ന ഒരു കീര്‍ത്തനം ഹൈ പിച്ചില്‍ ആലപിച്ചിട്ടു അത് പഴയ സ്ഥാനത് പോയി കിടന്നു.  S .N . D P യുടെ കോടിയുടെ നിറമുള്ള തന്റെ പല്ലുകള്‍ ഷട്ടര്‍ പോക്കുന്ന ഭാവത്തില്‍ പൊക്കിക്കൊണ്ട് പീറ്റര്‍ ചിരിച്ചു." എന്താ കുട്ടപ്പന്‍ ചേട്ടാ ഇത്? ആ പട്ടിയെ കൊല്ലല്ലേ.... എന്താ കാര്യം....?   

"എടാ പീറെ.. ഞാന്‍ എത്ര കുപ്പി അടിച്ചു? " " ആറ് " പീറ്റര്‍ ഷട്ടര്‍ താഴ്ത്തി. " രൂഫാ എത്ര ആയി ? " 180 ", എടാ കൊലകൊല്ലി,പരട്ട പീറെ, എന്നിട്ടും ഞാന്‍ ഫിറ്റ്‌ ആവാത്തത് എന്താടെ? നീയിപ്പം സ്പിരിറ്റ്‌ ഒന്നും ഇതിലോഴിക്കുന്നില്ലേ? ഇന്ന് എന്റെ പിറന്നാളാണ്. ഇന്നേങ്ങിലും ഒന്ന് അര്‍മാദിക്കാന്‍ നീ സമ്മതിക്കില്ലല്ലോടെ, ?"

"അപ്പോള്‍ അതാണ്‌ കാര്യം, ഇത് നേരത്തെ പറയണ്ടേ എന്റെ പോന്നു കുട്ടപ്പന്‍ ചേട്ടാ, " കുട്ടപ്പന്സിന്റെ xray
എടുത്തപോലെയുള്ള വാരിയെല്ലില്‍ ഇക്കിളി കൂട്ടിക്കൊണ്ടു പീറ്റര്‍ വീണ്ടും വായുടെ ഷട്ടര്‍ തുറന്നു.
" നിഇയിത് അടച്ചു വെയ്ക്ക്. വല്ല കൊള്ളക്കാരും ഇത് ആനയുടെ കൊമ്പ് ആണെന്ന്  വിചാരിച്ചാല്‍ നിന്റെ കാര്യം പോക്കാ .. " ബ്ശ്സ്സ്ഷ്  ..... പീറ്റര്‍ ചിരിച്ചു. " ചേട്ടന്‍ വാ.. ഇന്നേതായാലും പിറന്നാളല്ലേ... ഇന്ന് ചേട്ടന് ഞാന്‍ ഒരു സ്പെഷ്യല്‍ സാധനം തരാം. പീറ്റര്‍ മുന്‍പിലും കുട്ടപ്പന്‍ പിന്നിലുമായി അകത്തെ സ്റ്റോര്‍ മുറിയിലേക്ക് നടന്നു.
"ഭാഗ്യമായി പുറകില്‍ നടന്നത്, ഇല്ലെങ്ങില്‍ ഇവന്റെ പല്ല് കൊണ്ട് തലച്ചോറ് രണ്ടു കഷണമായേനെ.."കുട്ടപ്പന്‍സ് മനസിലോര്‍ത്തു.
" ഇങ്ങോട്ട് കേറി നിക്ക് കുട്ടപ്പന്‍ ചേട്ടാ.. " പീറ്റര്‍ മന്ത്രിച്ചു. വെളുത്ത ചെറിയ കന്നാസ് കുപ്പികള്‍ക്കിടയില്‍ നിന്നും ചൂണ്ടയിട്ടു വലിക്കുന്നത് പോലെ അവന്‍ പൊക്കിയെടുത്തു. നാഭിയില്‍  സ്ഥിരമായി സൂക്ഷിക്കുന്ന ഗ്ലാസ്‌ എടുത്തു കൊണ്ട് അവന്‍ മന്ത്രിച്ചു. " സ്വയമ്പന്‍ മുതലാ.. " " എന്തുവാടെ ഇത് ? " കുട്ടപ്പന്‍സിലെ പോലീസ് ഉണര്‍ന്നു. 
" ഇവനാണ് ചക്രവര്‍ത്തി".. ഇത് പറയുമ്പോള്‍ പീറ്റര്‍ വാ പരമാവധി അടച്ചിരുന്നു. " ചക്കര വരട്ടിയോ? അതെന്താടെ? " " ചക്കര വരട്ടിയല്ല ചേട്ടാ... ചക്രവര്‍ത്തി"...നാട്ടുകാര്‍ ഇതിനെ സ്പിരിറ്റ്‌ എന്ന് പറയും കുപ്പിയിലാക്കി ലേബല്‍  ഒട്ടിച്ചാല്‍ ഇവന്റെ പേര് വൈറ്റ് റം എന്നാകും. " ഇത് പറയുമ്പോള്‍ ശിഷ്യന്മാര്‍ക്ക് പ്രബോധനം അരുളുന്ന യേശുക്രിസ്തുവിന്റെ മുഖമായിരുന്നു പീട്ടെറിനു.

"എന്ത് കുന്തമെങ്കിലും  ആട്ടെ ... നീ ഒഴി... " " ധൃതി  കൂട്ടല്ലേ...ബഹളം വെയ്ക്കല്ലേ...." പീറ്റര്‍ രഹസ്യമായി പറഞ്ഞു. "എടാ വായിനോക്കി, . .. നിന്റെ വീട്ടില്‍ ഉമിക്കരി ഇല്ലെടെ?  " ഉണ്ടല്ലോ.. എങ്കില്‍ പിന്നെ നിനക്ക് പല്ല് ഒന്ന് മെഴുകി കൂടെടെ? " ചിരിക്കാന്‍ വാ പിളര്‍ന്ന മാമ്മുകൊയയോടു  കുട്ടപ്പന്‍ അലറി. " കൊല്ലും ഞാന്‍ വാ തുറന്നാല്‍. മനുഷേനെ മയക്കി കൊല്ലുന്നോ പരട്ട പീറെ....
സമയം കളയാന്‍ ഇല്ലാത്തതുകൊണ്ടും, ഷാപ്പില്‍ അസിസ്റ്റന്റ്‌ മാനേജര്‍ ഇല്ലാത്തതുകൊണ്ടും പീറ്റര്‍ വേഗം കന്നാസ് ഗ്ലാസ്സിലേക്ക്‌ കമിഴ്ത്തി. " ഇതങ്ങോട്ട് പിടി... ചേട്ടന്‍ സ്വര്‍ഗലോകം കാണും. ...." ഏതു ലോകം കാണാനോ എന്തോ... കുട്ടപ്പന്‍സ് ആ ഗ്ലാസ്‌ തന്റെ വായിലേക്ക് മറിച്ചു. ചില മിന്നല്‍ പിണരുകള്‍ ഓടി കളിക്കുന്നു.... ദേഹം ഒന്ന് മസ്സാജ് ചെയ്ത പോലെ. "ഒന്നൂടെ ഒഴി...." വേണോ ചേട്ടാ.... ? വേണമെടാ ** മോനെ.. ." ഉടക്കാന്‍ നില്‍ക്കാതെ പീറ്റര്‍ വീണ്ടും ഗ്ലാസ്‌ നിറച്ചു
രാത്രി ഒന്‍പതു മണി വരെ കുട്ടപ്പന്‍ ഷാപ്പിലായിരുന്നു. ചക്രവര്‍ത്തിയെ ഇടയ്ക്കിടെ രുചിച്ചും, കപ്പ കിഴങ്ങ് സുന്ദരിമാരെ  നക്കി തോര്‍തിയും സമയം പോയതറിഞ്ഞില്ല. ഇനി ഉത്സവം കാണാന്‍ പോകണം. കുട്ടപ്പന്സിനു അഭിമാനം തോന്നി. ഈ പരിഷകളെല്ലാം തന്റെ പിറന്നാള്‍ ഉത്സവമായി ആഘോഷിക്കുന്നല്ലോ.... അത് മതി ....ഈ കുട്ടപ്പന് തൃപ്തിയായി..
അമ്പലത്തില്‍ പൂജകള്‍ക്ക് ശേഷം കലാ പരിപാടികള്‍ ആരംഭിച്ചിരുന്നു. ബാലെ ആയിരുന്നു ഐറ്റം. "സ്വാതി തിരുന്നാള്‍..". പകുതി തുറന്ന കണ്ണുകളിലൂടെ കുട്ടപ്പന്‍സ് ബാലെ കണ്ടു.... സ്വാതി തിരുന്നാളായി അഭിനയിച്ച നടനെ കുട്ടപ്പന്‍സിനു ക്ഷ പിടിച്ചു. ആ നടത്തം, ആ ഇരുത്തം, ആ വേഷം, ആ ഭാവം, സംഭാഷണം... കൊള്ളാം, യിവന്‍ പുലിതന്നെ.... ബാലെയ്ക്കുശേഷം അടുത്ത പരിപാടി കാണാന്‍ കുട്ടപ്പന്‍സ് നിന്നില്ല. നേരെ വീട്ടിലോട്ടു വിട്ടു. ഓരോ
പാദങ്ങള്‍ വെയ്ക്കുമ്പോഴും കുട്ടപ്പന്‍സ് മാറുകയായിരുന്നു. ഇടതു കാല്‍ വെയ്ക്കുമ്പോള്‍ സ്വാതി തിരുന്നാളും, വലതു കാല്‍ വെയ്ക്കുമ്പോള്‍ ചക്രവര്‍ത്തിയും.....

കതകില്‍ തുടര്‍ച്ചയായുള്ള മുട്ട് കേട്ടിട്ടാണ്  പൊന്നമ്മ ചേച്ചി ഉണര്‍ന്നത്. " ആരാ അത്? " അവര്‍ വിറയലോടെ ചോദിച്ചു. ഒരു വിധപ്പെട്ട കള്ളന്മാരോന്നും ഇവിടെ വരില്ലയെന്നു അവര്‍ക്കും, നാട്ടുകാര്‍ക്കും നന്നായറിയാം. കാരണം, ഈ പൊന്നമ്മ ചേച്ചി നമ്മുടെ കുട്ടപ്പന്‍സിന്റെ സഹധര്‍മിണി ആകുന്നു. ബിന്ദു പണിക്കരുടെ ശരീരവും, ക്യാപ്ടന്‍ രാജുവിന്റെ മുഖവും ഉള്ള ഇവര്‍ നാട്ടിലെ കേടികള്‍ക്കുപോലും പേടി സ്വപ്നമാകുന്നു. ശരിക്കുള്ളത്‌  പറഞ്ഞാല്‍, പൊന്നമ്മ ചേച്ചിയുടെ ബലത്തിലാണ് കുട്ടപ്പന്‍സ് നാട്ടില്‍ വിലസുന്നത്...
എങ്കിലും, ഈ സമയത്ത് ആരാവും എന്നാ ഒരു ചെറിയ ഉള്‍ഭയം ചെച്ചിക്കില്ലതിരുന്നില്ല... "ആരാത്??" ഇപ്പോള്‍ ചേച്ചിയുടെ സ്വരത്തിന്  വെള്ളിയും, ചെമ്പും ഒക്കെ വീണിരുന്നു.  "ഇത് ഴാനാടി..." കുഴഞ്ഞതെങ്ങിലും സ്വരത്തിന് ഒരു ഗാംഭീര്യം....കതകു തുറന്ന ചേച്ചിയുടെ വാ കോട്ടയം അയ്യപ്പാസുപോലെ വിശാലമായി തുറന്നു പോയി. കുട്ടപ്പന്‍സ്  ഒരു കാല്‍ കസേരയില്‍ വെച്ച്  ഗൌരവത്തില്‍ നില്‍ക്കുന്നു. " ഇതെന്തുവാ മനുഷേനെ ? നാണമില്ലേ നിങ്ങള്‍ക്ക് ? " ഭയവും ദേഷ്യവും കലര്‍ന്നതായിരുന്നു ചേച്ചിയുടെ ചോദ്യം. അതിനു കാരണം, കുട്ടപ്പന്‍സിന്റെ ഭാവ വേഷങ്ങളായിരുന്നു. ഉടുമുണ്ട് ഊരി കഴുത്തില്‍ കെട്ടി പുറകോട്ടു ഇട്ടിരുന്നു. ചക്രവര്‍ത്തിമാരെ പോലെ.. കാലില്‍ ഏതൊ കുളത്തില്‍നിന്നു  സംഭാവനയായി കിട്ടിയ പായലുകള്‍ തീര്‍ത്ത രാജകീയ പാദുകം. മീശ, ഉള്ളത് മുകളിലോട്ടു പിരിച്ചു വെച്ചിരിക്കുന്നു.
മനുഷേണോ...? ? ചക്കരവരട്ടിയാടി ഞാന്‍ ചക്കരവരട്ടി....  പൂരാടം തിരുന്നാള്‍ കുട്ടപ്പാ തിരുമനസ്സ്. എവിടെടി - മോളെ എന്റെ പള്ളി അത്താഴം, ?"   " മനുഷ്യാ ആ മുണ്ടോന്നുടുക്ക്. ആള്‍ക്കാര് കണ്ടാല്‍ നാണക്കേടാ ..." ചേച്ചി ലോ ഗിയറിലായി.

"പ്ഫാ... കുട്ടപ്പ തിരുമനസ്സ് കാറി തുപ്പി. എടീ നിന്നെ എന്റെ പട്ടമഹിഷി സ്ഥാനത്ത് നിന്നും ഞാന്‍ നീക്കിയിരിക്കുന്നു. ആരവിടെ..ഉത്തരവ് എന്ന് പറയാന്‍ കുട്ടപ്പന്‍-പൊന്നമ്മ ദമ്പതികളുടെ ഏക മകന്‍ പുഷ്പന്‍ മാത്രം. മൂക്കില്‍ നിന്ന് സീറോ വാള്‍ട്ട് ബള്‍ബിനെ ഓര്‍മ്മിപ്പിക്കുന്ന മൂക്കട്ട വീര്‍പ്പിച്ചു നിന്ന പുഷ്പന് നല്ല രസം തോന്നി. പുത്രനെ കണ്ടപ്പോള്‍ സ്നേഹനിധിയായ കുട്ടപ്പന്‍സ് ചോദിച്ചു., " കുമാര, പള്ളി കഞ്ഞിയും പള്ളി പുഴുക്കും കഴിച്ചോ.?" അവന്‍ തലയാട്ടി. കുട്ടപ്പന്‍ തിരുവടി  നേരെ തന്റെ പട്ടമഹിഷിയോടു പറഞ്ഞു, പൊന്നമ്മ മഹാറാണി , രണ്ടു നര്‍ത്തകിമാരെ വിളിക്കൂ... നമ്മുടെ മനസിന്‌ അവര്‍ കുളിരെകട്ടെ. "

" ദേ എന്റെ വിധം മാറ്റരുത്. മര്യാദയ്ക്ക് കിടന്നുറങ്ങു മനുഷ്യ... " ചേച്ചിയുടെ സ്വരം പതിയെ ഗിയര്‍ ചേഞ്ച്‌ ചെയ്യുന്നത് തിരുമനസ്സിനു മനസ്സിലായില്ല.

പ്പ്ഫാ..... തന്റെ പരമാവധി ആരോഗ്യത്തില്‍ കുട്ടപ്പന്‍സ് രാജകീയമായി വീണ്ടും ആട്ടി. എടീ ചൂലേ, താടകെ ...., നമ്മോടു ആജ്ഞാപിക്കാന്‍ നീ വളര്‍ന്നോടീ,,, ആരവിടെ.... സേനാ നായകനെ വിളിക്കൂ... ഇവളോട്‌ നാം യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. " മലവെള്ളപ്പാച്ചില് പോലെ ഒരു ബക്കറ്റ്‌ വെള്ളം മുഖം ലക്ഷ്യമാക്കി വരുന്നത് മാത്രം തിരുമനസ്സിനു ഓര്‍മ്മ ഉണ്ടായിരുന്നു. ശേഷം ബ്ലാങ്ക്...

അരുണ മഹാരാജാവ് ബലിഷ്ടനായ സമയത്താണ് പിറ്റേ ദിവസം കുട്ടപ്പന്‍ ഉണര്‍ന്നത്. നല്ല പനി ഉണ്ടെന്നു തോന്നുന്നു. തലയിലും നല്ല വേദന. തലയില്‍ തപ്പി നോക്കിയാ കുട്ടപ്പന്‍സ് ഞെട്ടി പോയി... തന്റെ സ്വന്തം തലയില്‍ മാംസത്തിലും തൊലിയിലും നിര്‍മ്മിച്ച സാമാന്യം നല്ല ഒരു കൊഴുക്കട്ട. !!!! ഇതെങ്ങിനെ സംഭവിച്ചു??  കാരണം തിരക്കി അധിക നേരം തലകള്‍ പുകയ്ക്കേണ്ടി വന്നില്ല. P . T . ഉഷയെ തോല്‍പ്പിക്കുന്ന വേഗതയില്‍ പോന്നമ്മേച്ചി പാഞ്ഞു വരുന്നുണ്ടായിരുന്നു. അവരുടെ കയ്യില്‍ ഒരു ചിരട്ട തവി !!! തന്റെ തലയിലെ കൊഴുക്കട്ടയുടെ രഹസ്യം മനസിലാക്കിയ കുട്ടപ്പന്‍സ് മൌനം
വിദ്വാന്റെ  ആരോഗ്യത്തിനു ഭൂഷണം എന്ന്  മനസ്സില്‍ പറഞ്ഞിട്ട് അപേക്ഷിച്ച്. " നിന്നെ വിധവയാക്കല്ലേ പൊന്നമ്മേ.."" പൂങ്ങോട്ട് ഭഗവതി സത്യം, ഇനി കള്ള് കുടിച്ചിട്ട് ഈ വീട്ടില്‍ കാലുകുത്തിയാല്‍, തന്റെ രണ്ടു കാലും ഞാന്‍
തല്ലി ഒടിചിട്ടിട്ടു ഞാന്‍ ചിലവിനു തരും പറഞ്ഞേക്കാം." ഭദ്രകാളിയെ പോലെ നിന്ന് തുള്ളുന്ന പൊന്നമ്മ ചേച്ചിയോട് മുട്ടിയിട്ടു കാര്യമില്ലെന്ന അറിവില്‍ കുട്ടപ്പന്‍സ് ദീര്‍ഘ നിശ്വാസം വിട്ടു.  അണ്ടിയാപ്പീസില്‍ ജോലിയുള്ള അവള്‍ ഇതും ഇതിനപ്പുറവും ചെയ്യും. അയാള്‍ കരുതി. പക്ഷെ മനസ്സില്‍ നിന്ന് വന്ന ആ ചോദ്യം തടുക്കാന്‍ അയാള്‍ക്കായില്ല. " എന്നാലും എന്റെ ചക്രവര്‍ത്തീ...."!!